7 mins read
ഇഫ്താർ - A Malayalam Short Story
Following is a Malayalam story I’ve written around 4-5 years ago. Felt like it’s worth sharing it here :)
ഇഫ്താർ
നേരം ഇരുട്ടുന്തോറും വിശപ്പ് കൂടിവരികയാണു… റമദാൻ ഇരുപത്തിഒന്ന് ആണു ഇന്ന്… തന്റെ ഇരുപതാമത്തെ നോമ്പും, പനിപിടിച്ച അന്ന് വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി നോമ്പ് മുറിക്കേണ്ടി വന്നത് കൊണ്ട് ഈ വർഷവും മുപ്പത് നോമ്പ് തികക്കാൻ പറ്റുകില്ല.
“ചെറിയ കുട്ടികൾ നോമ്പ് എട്ത്തില്ലെങ്കിലും പടച്ചോൻ പൊറുക്കും. “
എന്ന് പറഞ്ഞ് ഉമ്മയും നിരുൽസാഹപ്പെടുത്തും. അതു പോട്ടെ.. അടുത്ത വർഷം എട്ക്കാല്ലോ… സമയം അഞ്ചായിരിക്കുണു, അടുക്കളയിൽനിന്ന് നല്ല ഇറച്ചിക്കറിയുടെ മണം വരണുണ്ട്.. ഇന്ന് പത്തിരീം ഇറച്ചിയുമാവും.. ഹോ, അലോചിക്കുമ്പോൾ തന്നെ കൊതിയാകുന്ന്.. നോമ്പെടുക്കുന്നതിന്റെ ഏറ്റവും രസമുളള ഭാഗം നോമ്പ് മുറിക്കൽ തന്നെയാണൂട്ടോ.. വിശപ്പോട് കൂടെ ഏതു ഭക്ഷണം കഴിക്കുമ്പോളും പതിവിനേക്കാൾ ടേസ്റ്റ് ആണു.
പളളിക്കൂടം വിട്ടുവന്നത് മുതൽ അവന്റെ മനസ്സിൽ ഇങ്ങനേ ഓരോ ചിന്തകൾ ആയിരുന്നു… അല്ലെങ്കിലും ഇങ്ങനെ ഒക്കെ തന്നെയാണു കുട്ടിക്കാലത്ത് എല്ലാരും നോമ്പ് എട്ത്ത് തുടങ്ങാറ്.. കലണ്ടറിൽ എത്തിവലിഞ്ഞു നോക്കി ബാങ്ക് കൊടുക്കുന്ന സമയം കണ്ടുപിടിച്ചു.. 6:08 ആണു… ഇന്നലെ 6:09 ആയിരുന്നു.. എന്തായാലും ഇനി എകദേശം ഒരു മണിക്കൂർ. ഇപ്പോ തന്നെ പളളിക്കുപോണം, അവിടെ പാത്രം കഴുകലും ചായ വാങ്ങിക്കൊണ്ടു വരലും ഒക്കെയാണു അവൻ ചെയ്യാറു.. “ഞാൻ പോവാട്ടാ ഉമ്മാാ… “ എന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് അവൻ വീട്ടിൽ നിന്നിറങ്ങി.
അപ്പോഴാണു വീടിനു മുന്നിൽ കണ്ടാൽ അൽപ്പം പ്രായം ഒക്കെ തോന്നിക്കുന്ന ഒരാൾ നിൽക്കുന്നത് കണ്ടത്.. ഏകദേശം ഒരു അമ്പതുവയസ്സ് കാണും.. പക്ഷെ മുഷിഞ്ഞ വസ്ത്രങ്ങളും ഒട്ടിയ കവിളുകളും അയാൾക്ക് കൂടുതൽ പ്രായം തോന്നിച്ചു… കയ്യിൽ ഒരു സഞ്ചിയും അതിൽന്ന് പുറത്തോട്ട് നിൽക്കുന്ന കുടക്കമ്പികളും കാണാം.
“ഇവിടെ ആരും ഇല്ലാ.. പിന്നെ വാ”
എന്ന് പറയുന്നതിനു മുമ്പേ അയാൾ പറഞ്ഞു: “കുട നന്നാക്കാനുണ്ടോന്ന് അമ്മയോട് ചോദിക്കോ മോനേ.. ഞാൻ അധികം പൈസ വാങ്ങാതെ നന്നാക്കിത്തരാം..”.
സാധാരണ കുട്ടികളെ പിടിക്കാൻ വരുന്നോരെ പോലെ കണ്ടാൽ പറഞ്ഞയക്കാനാണു ഉമ്മ പറഞ്ഞിട്ടുളളത്.. പക്ഷെ ഇയാളെ കണ്ടിട്ട് അങ്ങനെ ഒന്നും അവനു തോന്നിയില്ല… പോരാത്തതിനു സ്കൂളിൽ കൊണ്ടോവാറുളള കുടയുടെ ഒരു വില്ല് ഒടിഞ്ഞിട്ടും ഉണ്ട്.. “ഉമ്മാാ… ഉമ്മാാ..” എന്ന് ഉറക്കെ വിളിച്ച് അവൻ അയാളെ എന്തോ വെറുതേ നോക്കിനിന്നു.. പതിയെ നടന്നെത്തിയ ഉമ്മയെ കണ്ടപ്പോൾ അയാൾ ആവർത്തിച്ചു..
“പഴയ കുട വല്ലതും ഉണ്ടോ മോളെ.. ഞാൻ ശരിയാക്കിത്തരാം..”.
“ഒരു മിനുട്ട് ട്ടാ.. “ എന്നു പറഞ്ഞ് കുട എടുക്കാൻ ഉമ്മ അകത്തേക്ക് പോയപ്പോഴെക്കും അയാൾ പതിയെ സഞ്ചി നിലത്തുവച്ച് വെരാന്തയിൽ ഇരുന്നു..
“മോൻ എത്രാം ക്ലാസ്സിലാ പഠിക്കുന്നേ.. “
എന്ന ചോദ്യത്തിനു തന്റെ നോട്ടത്തിൽ യാതൊരു ഭാവത്തിൽ യാതൊരു മാറ്റവും വരുത്താതെ അവൻ മറുപടി പറഞ്ഞു.. അപ്പോഴേക്കും ഒരു പഴയ പോപ്പിക്കുടയുമായി ഉമ്മ മടങ്ങിവന്നു.
“ഇങ്ങൾ വന്നത് നന്നായി.. ഇതിന്റെ വില്ല് ശരിയാക്കാൻ എത്ര രൂപ ആവും..”
എന്നു ചോദിച്ചു അതയാൾക്ക് കൊടുത്തു..അതു വാങ്ങി തിരിച്ചുമറിച്ചു നോക്കിയിട്ട് “ഇത്രേ ഉളളൂ?.. ഇതിനു പുതിയ വില്ല് ഇട്ടുതരാം.. ഇരുപത് രൂപ മതി മോളേ” എന്ന് പറഞ്ഞു അയാൾ എന്തൊക്കെയോ ചെയ്യാൻ തുടങ്ങി.. അയാളുടെ കരവിരുതും വേഗതയും കണ്ട് ഉമ്മ ആശ്ചര്യത്തോടെ ചോദിച്ചു..
“ഇങ്ങൾ എവ്ട്ന്നാ വരണേ… “
… സഞ്ചിയിൽ നിന്നും വില്ലുകൾ ഒത്തുനോക്കുന്നതിന്റെ കൂടെ അയാൾ പറഞ്ഞു തുടങ്ങി…
“ആഹ്.. ഞാൻ ജനിച്ചത് ഇത്തിരി ദൂരെയാ മോളെ… തലശ്ശേരി ആണു… ചെറുപ്രായത്തിൽ തന്നെ ജോലി നോക്കി ത്രിശ്ശൂർ വന്നതാ.. നല്ല കൈസാമർത്ഥ്യം ഉണ്ടായിരുന്നത് കൊണ്ട് ഒരു ചെറിയ കുടക്കമ്പനിയിൽ കയറി.. കുടുംബത്തിനെക്കുറിച്ചും സമ്പാദിക്കുന്നതിനെക്കുറിച്ചൊന്നും അന്ന് ചിന്തിച്ചില്ല… ചെറുപ്പം മൊത്തം കമ്പനിക്ക് വേണ്ടി ജോലി ചെയ്തു.. കിട്ടണ പൈസ എല്ലാം അന്നന്ന് ചെലവഴിച്ചു… ഇപ്പൊ കമ്പനി വലുതായി.. എല്ലാം ചെയ്യാൻ മഷീനുകളായി..”
ആ പഴകിയ കുടയുടെ പൊടിതട്ടി ഒടിഞ്ഞ വില്ല് എടുത്തു മാറ്റുന്നതിനിടയിൽ അയാൾ തുടർന്നു..
” എന്ത് പറയാനാ മോളെ.. കമ്പനി വലുതായി മഷീനുകളും വന്നപ്പോ അവരെന്നെ ഒഴിവാക്കി.. സർക്കാർ ജോലി ഒന്നുമല്ലാലോ… പെൻഷനും ഇണ്ടായില്ല.. ഇപ്പോ ഇങ്ങനെ എവ്ട്ന്നേലും വല്ല പത്തുരൂപയും കിട്ടിയിട്ട് വേണം ചായകുടിച്ച് പോകാൻ… “
ഇതൊക്കെ പതിയെ പറയുന്നതിനിടയിൽ കുടയുടെ പണി ഏറെക്കുറെ കഴിഞ്ഞിരുന്നു… അയാളുടെ കരവിരുത് കണ്ട് അതിശയത്തോടെ അവൻ ഉമ്മയുടെ മുഖത്തോട്ട് നോക്കി… എന്തിനാണു ഉമ്മ ഇങ്ങനെ വിഷമിച്ച പോലെ നിക്കുന്നത് എന്ന് അവനു മനസ്സിലായില്ല… “ ഞാൻ ഇപ്പൊ വരാട്ടാ..” എന്നും പറഞ്ഞു അകത്തോട്ട് പോയ ഉമ്മ വന്നത് ഒരു നൂറു രൂപയുടെ നോട്ടും കൊണ്ടാണു..
കുട വാങ്ങിച്ച് ആ നോട്ട് കൊട്ത്തപ്പോൾ
“അയ്യോ.. ചില്ലറ ഇല്ലാലോ മോളേ..”
എന്നും പറഞ്ഞ്കൊണ്ട് അയാൾ അത് തിരിച്ചു കൊട്ക്കാനൊരുങ്ങി… “ബാക്കി ഇങ്ങൾ വെച്ചോ..” എന്ന് കേട്ടപ്പോൾ..
“വേണ്ട മോളെ.. പണി എട്ക്കാതെ കിട്ടണ പൈസ അല്ലേ..” എന്ന് അയാൾ പറഞ്ഞു..
“നോമ്പ് അല്ലെ … അത് ഞാൻ സകാത്ത് ആയി തന്നതായി കൂട്ടിയാൽ മതി..”
അതു കേട്ടപ്പോൾ മനസ്സില്ലാമനസ്സോടു കൂടിയാണെങ്കിലും അയാൾ ആ നോട്ടെടുത്ത് പോക്കറ്റിൽ വെച്ചു.. “പോട്ടെ മോളേ..” എന്ന് പറഞ്ഞു അയാൾ എഴുന്നേറ്റ് നടന്നുതുടങ്ങിയപ്പോൾ എന്തോ ഓർത്തെടുത്തപോലെ ഉമ്മ അയാളോട് പറഞ്ഞു “നിക്കിൻ… ഒരു മിനുട്ട്..” ഉമമ വീട്ടിനകത്തേക്ക് പെട്ടെന്ന് ഓടിപ്പോയി ഉമ്മമ്മയോട് സംസാരിക്കുന്നത് കേട്ടു… ഉമ്മ തിരിച്ചുവന്നത് ഒരു കയ്യിൽ ഒരു പാത്രത്തിൽ നല്ലതേങ്ങാപ്പാൽ ഒഴിച്ച പപ്പടവട്ടത്തിൽ ഉളള പത്തിരികളും, മറ്റേതിൽ കൊതിയൂറുന്ന മണം ഉളള ഇറച്ചിക്കറിയും കൊണ്ടായിരുന്നു… അയാളുടെ മുഖത്ത് അൽഭുതവും സന്തോഷവും നിറഞ്ഞ ഒരു ഭാവം പ്രത്യക്ഷപ്പെട്ടിരുന്നു.
“അയ്യോ ഇതൊക്കെ എന്തിനാ മോളേ..”
എന്ന് ഒരു മര്യാദയുടെ പേരിൽ അയാൾ പറഞ്ഞെങ്കിലും, ദിവസങ്ങളായി നല്ലൊരു ഭക്ഷണം കഴിച്ചിട്ടില്ല എന്നത് അയാളുടെ മുഖത്ത് നിന്നും മനസ്സിലാക്കാമായിരുന്നു.
“ഇങ്ങൾ ആ പൈപ്പീന്ന് കൈ കഴുകി ഈ വെരാന്തെൽ ഇരുന്നോ… “
ഏകദേശം ഒരു അഞ്ചു പത്തിരിയോളം അയാൾ കഴിച്ചുകാണും.. ചെറിയ പത്തിരി ആണു. അയാളുടെ സന്തോഷവും കൊതിയും നിറഞ്ഞ തീറ്റ കണ്ട് അവൻ സ്വന്തം വിശപ്പ് മറന്നുപോയിരുന്നു.. നിർബന്ധിച്ചെങ്കിലും വീണ്ടും കഴിചില്ല.. സംതൃപ്തിയോടെ എഴുന്നേറ്റ് പാത്രം ആ പൈപ്പിനു കീഴിൽ തന്നെ കഴുകി അയാൾ സഞ്ചിയും ഏടുത്തു ഇറങ്ങി.
“വയറു മാത്രല്ല മോളേ… എന്റെ മനസ്സും നിറഞ്ഞു.. എങ്ങനേയാ നന്ദി പറയാ എന്നറിയില്ല… മോളെ ദൈവം അനുഗ്രഹിക്കും.. ഞാൻ ഇറങ്ങട്ടേ എന്നാൽ…”
അയാൾ പോവുന്നത് നോക്കി നിൽക്കുമ്പോൾ മദ്രസയിൽ പഠിച്ചത് ഓർമ്മിച്ചെടുത്ത് അവൻ ഉമ്മാട് ചോദിച്ചു… “ ഉമ്മാ.. നോമ്പിന്റെ നേരത്ത് തിന്നാൻ കൊട്ത്താൽ പടച്ചോന്റെ കുറ്റം കിട്ടില്ലേ… “
ഈറനണിഞ്ഞ കണ്ണിൽ ചെറിയ ഒരു ചിരിയോട് കൂടെ ഉമ്മ പറഞ്ഞു:
” ഇല്ലടാ… വിശക്കുന്നോർക്ക് തിന്നാൻ കൊടുക്കുന്നത് പടച്ചോൻ പൊറുത്തുകൊടുക്കും.. “
പളളിയിലേക്കു നടക്കുമ്പോൾ ഒരുപാട് സംശയങ്ങൾ മനസ്സിൽ തങ്ങിനിന്നെങ്കിലും അയാളുടെ കൊതിയോട് കൂടെയുളള കഴിക്കലും മോണ കാട്ടിയ ചിരിയും അവന്റെ മനസ്സിൽ മായാതെ നിന്നു.. ഇത്രയും നോമ്പെടുത്തിട്ടും മനസ്സിലാകാത്ത എന്തോ അന്ന് അവൻ മനസ്സിലാക്കിയിരുന്നു…