തള്ളപ്പൂച്ച

This story is also available in English

തള്ളപ്പൂച്ച

പുതിയ വീട്ടിലേക്ക് മാറിയ ദിവസം തൊട്ടേ അവൾ പതിവായി വീട്ടിൽ വരാറുണ്ട്. “തള്ള പൂച്ച”!

തവിട്ടു നിറം, സൗന്ദര്യം നിറഞ്ഞ - ശൗര്യവും വീര്യവും ഉള്ള മുഖം. പ്രസവിക്കാൻ അടുത്ത പോലെ നിറഞ്ഞ വയറും…

സാധാരണ വീട്ടിൽ വരുന്ന തെരുവു പൂച്ചകളെ വരെ പേരിട്ട് ആണ് ഉമ്മമ്മ വിളിക്കാറെങ്കിലും ഈ പൂച്ചയ്ക്ക് എന്തോ, പേരൊന്നും ഇട്ടില്ല. “തള്ള പൂച്ച”. അങ്ങനെ തന്നെയാണ് വിളിക്കാറ്.

മഴ പെയ്യുമ്പോൾ വിറകുപുരക്ക്‌ ഉള്ളിലെ ചാക്കിൻ മേലും, മഴ ഇല്ലാത്തപ്പോൾ വടക്കേപുറത്തെ ചായ്‌പിലും ആണ് താമസം. വീട്ടിൽ മീൻ വാങ്ങിച്ച കാര്യം ആദ്യം അറിയുന്നത് അവളാണ്.

സ്നേഹത്തിന്റെ പുറത്തൊന്നും അല്ലാട്ടോ തള്ളപ്പൂച്ച വീടിന് കാവൽ ഇരിക്കുന്നത്. ഭക്ഷണം തന്നെ ആണ് ഉദ്ദേശ്യം, പിന്നെ ഉമ്മുമ്മക്ക്‌ എന്തോ, നല്ല ഇഷ്ടമാണ്. മറ്റു പൂച്ചകളെക്കാൾ ഒരു പ്രത്യേക പരിഗണന കൊടുക്കാറുണ്ട്.

കുറച്ച് ദിവസം ആയിട്ട് കാണാതെ ആയപ്പോൾ ഞങ്ങൾക്ക്‌ ഉറപ്പായിരുന്നു. വിചാരിച്ച പോലെ തന്നെ തള്ളപൂച്ച പ്രസവിച്ചു. വിറകു പുരയിൽ തന്നെ ആയിരുന്നു സുഖപ്രസവം. നാല് കുഞ്ഞുങ്ങൾ, ഒരു വെളുത്തതും, രണ്ടു തവിട്ട്‌ നിറം ഉള്ളതും, ഇത്തിരി കൂടെ ഇരുണ്ട നിറമുള്ള ഒന്നും.

പയ്യെ പയ്യെ കുട്ടികളും പുറത്ത് ഇറങ്ങിത്തുടങ്ങി. തള്ളയുടെ കൂടെ ഭക്ഷണം വാങ്ങാനും, തള്ള കരയുന്ന അതേപോലെ തന്നെ മധുരം നിറഞ്ഞ ശബ്ദത്തിൽ മ്യാവൂ കരയാനും.., ഉമ്മുമ്മയുടെ കാലിൽ മുട്ടിയുരുമ്മി നടക്കാനും അവർ പഠിച്ചു. ദിവസങ്ങൾ കടന്നുപോയി…

കുട്ടികളിൽ രണ്ടുപേർ ഒരു പ്രത്യേക തരത്തിൽ സുഹൃത്തുക്കൾ ആയിരുന്നു… ഏതു നേരവും മുട്ടിയുരുമ്മി ആണ് നടത്തം, രണ്ടുപേരും തമ്മിൽ എന്തോ ഒരു ഹൃദയബന്ധം ഉള്ളത് പോലെ, അങ്ങനെ പെട്ടെന്നൊരു ദിവസം തള്ളപ്പൂചയെ കാണാതായി… വരാതെയായി… മീൻ ചോദിക്കാൻ ഈ രണ്ടുപേരും മാത്രമേ വന്നുള്ളൂ ആ ദിവസം. അവരെ ഞങ്ങൾ വിളിക്കാറ് പെങ്ങൾമാർ എന്നാണ് ഒരെണ്ണം തവിട്ടു നിറവും.. മറ്റേത് അൽപം ഇരുണ്ട നിറവും.

തള്ളപ്പൂച്ച മരിച്ചുപോയിരിക്കും. ഉമ്മുമ്മ നല്ല വിഷമത്തിൽ ആയിരുന്നു, അതുപോലെതന്നെ ഞാനും ഉമ്മയും . എന്തോ അതിനെ കാണാതെ ഒരു സുഖമില്ലാത്ത പോലെ..

പിന്നെ അങ്ങോട്ട് അവർ രണ്ടുപേരും മാത്രം ആയി വീട്ടിലെ പൂച്ചകൾ. വളർത്തുന്ന പൂച്ചകൾ അല്ലെങ്കിലും ഞങ്ങൾക്ക് എല്ലാവർക്കും വലിയ കാര്യം തന്നെ ആയിരുന്നു അവർ. തള്ളപൂച്ച പോയത് മെല്ലെ മറന്നുതുടങ്ങി…

ആഴ്ചകൾ കഴിഞ്ഞുപോയി… പെങ്ങൾമാർ വലുതായി… എന്തോ, ഒരുമിച്ച് കാണാതെ ആയി. അവർ തമ്മിൽ ഉള്ള അടുപ്പം മെല്ലെ ഇല്ലാതായ പോലെ, മറ്റെല്ലാം പോലെ തന്നെ ബന്ധങ്ങളും എന്നെന്നേക്കും അല്ലല്ലോ?

പിന്നെ ഇരുണ്ട പൂച്ച മാത്രം ആയി സ്ഥിരം അതിഥി. പേരൊന്നും ഇട്ടിട്ടില്ല… “ഡിീ” എന്നാണ് ഉമ്മുമ്മാ വിളിക്കാറ്… ഞങ്ങൾ “പൂച്ച” എന്നും… വേറെ ആരും ഇല്ലാലോ പൂച്ച ആയിട്ട്.

അങ്ങനെ ഇരിക്കെയാണ് ഇന്നലെ, ദേ.. വീടിന്റെ മുന്നിൽ നിന്ന് ഒരു പരിചിതമായ ശബ്ദം!! അതേ.. തള്ള പൂച്ച തന്നേ.. ഉമ്മ എന്നെയും ഉമ്മുമ്മയെയും വിളിച്ചു കാണിച്ചു തന്നു… അതേ, ഒരു മാറ്റവും ഇല്ല… മതിലിനു മുകളിൽ അഭിമാനത്തോടെ ഇരിക്കുന്നു. വീണ്ടും ഗർഭിണി ആണ് എന്ന് തോന്നുന്നു.

സന്തോഷത്തോടെ നിൽക്കുന്ന ഞങ്ങൾ മൂന്നുപേരെയും നോക്കി ഉറക്കെ ഒരു “മ്യാവൂ” കരഞ്ഞു.


ഇനി പറയാൻ പോകുന്നത് ഇതിനൊക്കെ പുറകിലെ എന്റെ നിരീക്ഷണങ്ങൾ… സത്യങ്ങൾ, ഞങ്ങൾ കാണാതെ - ശ്രദ്ധിക്കാതെ പോയ കാര്യങ്ങൾ. അല്ലെങ്കിൽ ഒരു പവർകട്ട് ദിവസം വേറെ ജോലിയൊന്നും ഇല്ലാത്തതിനാൽ ഞാൻ ആലോചിച്ചു കൂട്ടിയ ചിന്തകൾ…

നമ്മൾ വിചാരിക്കുന്ന പോലെ അല്ല കാര്യങ്ങൽ… പൂച്ചകൾ ഇതെല്ലാം മുൻകൂട്ടി പ്ലാൻ ചെയ്തിട്ടുണ്ട്. അവർക്ക് ഒരു കൌൺസിൽ ഒക്കെ ഉണ്ട്. പഞ്ചായത്തുകളും വാർഡുകളും പൂച്ചകൾ തിരിച്ചു വീതം വെച്ചിരിക്കുകയാണ്. പുതിയ വീട് പണി തുടങ്ങുമ്പോൾ തന്നെ ഒരു പൂച്ചയെ ആ വീട്ടിലേക്ക് നിയോഗിക്കും . തള്ളപ്പൂച്ചയെ ഞങ്ങളുടെ വീട്ടിലേക്കാണ് നിയോഗിച്ചത്.

മെല്ലെ മനുഷ്യന്മാരെ മനസ്സിലാക്കി അവരെ കയ്യിലെടുത്ത് അവരിൽ നിന്ന് ഭക്ഷണം വാങ്ങിച്ചെടുക്കാൻ പ്രത്യേക പരിശീലനം ലഭിച്ച മാർജാരൻമാർ. വൃദ്ധരായ സ്ത്രീകളെ പ്രീതിപ്പെടുത്താൻ എളുപ്പമാണെന്ന് അവർക്ക് അറിയാം. ഓരോ വീടിന്റെയും ദൗത്യം ഓരോ പൂച്ചകൾക്ക് ആണ്.

എല്ലാം പ്ലാൻ ചെയ്ത പോലെ തന്നെ ആണ് നടന്നത്. തള്ള പൂച്ച ഇവിടെ വന്നു. ഞങ്ങളുടെ മനസ്സുകളിൽ ഇടം പിടിച്ചു. പ്രസവിച്ചു കഴിഞ്ഞപ്പോൾ കുട്ടികളെയും പരിശീലിപ്പിച്ചു. പിന്നെ അടുത്ത ദൗത്യത്തിന്റെ വിളി വന്നു, അങ്ങോട്ടേക്ക് പോയി. മക്കളെ രണ്ടുപേരെയും ഈ വീട്ടിലേക്ക് നിയുക്തമാക്കി. അമ്മയുടെ പരിശീലനം ലഭിച്ച മക്കൾ ഞങ്ങളെ കയ്യിലെടുത്തു.. പിന്നെ മെല്ലെ മെല്ലെ കൊറോണ വന്നതിനു ശേഷം മീൻ വാങ്ങുന്നത് കുറഞ്ഞപ്പോൾ പെങ്ങൾ മാർ വലുതായപ്പോൾ അവർ മനസ്സിലാക്കി, “ഒരാൾക്ക് ഉള്ള ഭക്ഷണം മാത്രമേ ഇവിടെ നിന്ന് കിട്ടുന്നുള്ളു”, അവർ രണ്ടുപേരും പിരിയേണ്ടി വന്നു.

ഇതിനിടെ തന്റെ ഉദ്യമം പൂർത്തികരിച്ച തള്ളപ്പൂച്ച വീണ്ടും വന്നിരിക്കുന്നു. ചിലപ്പോൾ അടുത്ത ദൗത്യം കൊണ്ടാവാം! കാത്തിരുന്നു കാണാം…

ചിത്രങ്ങൾ

തള്ളപ്പൂച്ച തള്ളപ്പൂച്ച

പെങ്ങൾമാർ പെങ്ങൾമാർ

തിരുത്തലുകളും അഭിപ്രായങ്ങളും ക്ഷണിക്കുന്നു :)